Monday, June 29, 2009

ജീവന്‍റെ സൂര്യകാന്തിപൂക്കള്‍



sketch by Vignesh,Muscut











വാന്‍ഗോഗ്..
നെഞ്ചകം തന്നെ ക്യാന്‍വാസാക്കി മാറ്റി-
യന്ങവസാന ചിത്രം വരയ്ക്കാന്‍ തുടങ്ങവേ ,
നിന്നുള്ളില്‍ ജീവന്‍റെ സൂര്യകാന്തിപൂക്കള്‍
ഒരു വട്ടമെങ്കിലുംകരയാതിരുന്നുവോ..?

കോപം കുടിച്ച ലഹരിയിലബോധ-
പ്പെരുമഴയിലാശങ്ക നിറയുന്ന നേരം
ഗോഗിനെ കൊല്ലാന്‍ തുനിഞ്ഞതില്‍
കുറ്റബോധമൊരു കത്തിയുടെ വായ്ത്തല-
യിലാഴ്ത്തി..പാപബോധത്താല്‍
സ്വയം ചെവിമുറിച്ചെറിയവേ,
ഉച്ചയുറക്കത്തില്‍ ആടിതിമര്‍ക്കുന്ന
ഭീകരസ്വപ്പ്നത്തിലാരോഹണത്തിന്റെ
തീക്കാറ്റടിക്കവേ..;
സംഭ്രമകോട്ടകള്‍ പൊട്ടിത്തെറിച്ചതില്‍
വെന്തുതീരാത്തതാണങ്ങതന്‍ ഭാവന.

ഉന്മാദമെരിയുന്ന ചങ്ങലകൂട്ടങ്ങള്‍
തുള്ളിയുറയും മനോരോഗവാര്‍ഡിന്റെ
ഭീകരനേത്രങ്ങള്‍ ശാന്തഭാവം കൊണ്ടു-
ചാലിചെടുത്തതില്‍ നീ തീര്‍ത്ത
വിഹ്വലലോകം ഐറീസസ്..*൧

വരളുന്ന വയറിന്റെ കാളലും കൊണ്ടങ്ങു
വര്‍ണങ്ങള്‍ തന്‍ മഹാസാഗരം നീന്തവെ,
ചിതല്‍തിന്നു തീര്‍ക്കുന്ന ചിത്രപ്പുരയിലും
തെരുവിലെ കുളിരിലും*'നക്ഷത്രരാത്രി'കളില്‍
ദുരിതങ്ങളെരിയുന്ന മെഴുതിരിയായി നീ.

എണ്ണിതുടങ്ങിയാലെണൂറിനപ്പുറം
വര്‍ണ്ണ ലോകങ്ങള്‍ ചമച്ച വാന്‍ഗോഗ്.!
ഉരുളക്കിഴങ്ങിന്നുപോലും തികയാത്ത
ചില്ലികളെറിഞ്ഞാരോ വിലവച്ച-
തൊരു ചിത്രമാണല്ലോ ജീവിതമാകെയും.

*ഉരുളക്കിഴങ്ങ് തിന്നുന്നവര്‍ വന്നൊടുവില്‍
ഒരു മഹാലോകം വിലക്ക് വാങ്ങാനുള്ള
തുക തന്നെടുത്തു നിന്‍ ചിത്രങ്ങളൊക്കെയും.
കാലശേഷം കലാമൂല്യം മണത്തവര്‍..!

നെഞ്ചകം തന്നെ ക്യാന്‍വാസാക്കി,
തോക്ക് ബ്രഷാക്കി,
വെടിയുണ്ട കൊണ്ടങ്ങു
നെഞ്ചില്‍ വരച്ചന്ത്യചിത്രം.!

(ജീവിതമെന്നതിന്നര്‍ത്ഥം വരക്കുവാന്‍
കരളില്‍ കരാളമാം കാമം ജ്വലിക്കാതെ
നേര്‍ക്കുനേര്‍ നില്‍ക്കാതെ
പ്രണയം പിറക്കവേ,
നീ തീര്‍ത്ത ശൂന്യതക്കിപ്പുറം
ക്യാന്‍വാസില്‍ ,
ആരുടെ കത്തിമുന
കൊണ്ടുകയറൂന്നു...)
________________________


*ഐറീസസ്- -539 ലക്ഷം ഡോളറിനു ലേലത്തില്‍ പോയ
വാന്‍ഗോഗ് ചിത്രം.
*നക്ഷത്രരാത്രി..*potato eaters..തുടങ്ങിയ വാന്‍ഗോഗ് ചിത്രങ്ങള്‍..
_________________________________________________

3 comments:

  1. ജീവിതമെന്നതിന്നര്‍ത്ഥം വരക്കുവാന്‍
    കരളില്‍ കരാളമാം കാമം ജ്വലിക്കാതെ
    നേര്‍ക്കുനേര്‍ നില്‍ക്കാതെ
    പ്രണയം പിറക്കവേ,
    നീ തീര്‍ത്ത ശൂന്യതക്കിപ്പുറം
    ക്യാന്‍വാസില്‍ ,
    ആരുടെ കത്തിമുന
    കൊണ്ടുകയറൂന്നു...
    varnikkan vakukal illa masheee..athrayere istapettu..

    ReplyDelete