Tuesday, June 30, 2009

ഉറുമ്പുകള്‍..!










ഉറുമ്പുകള്‍..!
കുറുമ്പിന്റെ കുംഭകളിളക്കി
കുതികുതിചോടാതെ
ചാടാതെയിടറാതെ
അടിവച്ചുപോകുന്നു.
ചിന്തകളായെന്റെ
തലയിലൂടിഴയുന്നു.

കിടക്കയിലടുക്കളയില്‍
അത്താഴമേശമേല്‍
പാത്തുപതുങ്ങാതെ
തലമേലുയര്‍ത്തി-
യധികാരഗര്‍വുമായ്
ആരെ തുറിച്ചു
നോക്കുന്നീയുറുമ്പുകള്‍..!

കയ്യിലും മെയ്യിലും
നെയ്യുറുമ്പ്..
ഉച്ചിയില്‍ കേറുന്നു
പച്ചുറുമ്പ്..
ചോനനും കൂനനും
തമ്മില്‍ പരസ്പ്പരം
നഷ്ട്ടക്കണക്കുകള്‍
കൂട്ടി കുറയ്ക്കുന്നു.
കഷ്ട്ടകാലത്തിലീ
കട്ടുറുമ്പ്..
സ്വപ്നത്തിലിപ്പോള്‍
ശവംതീനികള്‍..

എവിടേക്കിഴഞ്ഞാലും
എത്ര കടിച്ചാലും
ശത്രുവിന്‍ സൂത്രവും,
മിത്രഭാവങ്ങളും,
ജന്മത്തില്‍ ചില്ലമേല്‍
ദുഃഖ രൂപങ്ങളായയ്
നിരയായിരിക്കുമ്പോള്‍
സാന്ത്വനചരിവിലേ-
യ്ക്കരിമണി ചുമന്നെന്റെ
കൂട്ടിന്നു വന്നൊരു
കുഞ്ഞുറുമ്പ്..!

അമ്മിക്കല്ലുകള്‍















ആകാശത്തിനു കീഴെ ..
ഈ ആലസ്യത്തിനു മേലെ
രണ്ടമ്മിക്കല്ലുകള്‍..
നീയും ഞാനും.
അരക്കുന്നതാശയുടെ
നെടുവീര്‍പ്പുകള്‍.
മണിയറയിലോര്‍മ്മയുടെ
പാല്‍മണം.
ഉപ്പില്ലാത്ത സ്നേഹം.
എരിവില്ലാത്ത സ്വപ്നം .

പറവകള്‍
ചി റകുപേക്ഷിക്കുമ്പോള്‍
അടുപ്പില്‍
പാതിവെന്ത നിലവിളി .

ആകാശം പലതും
മറയ്ക്കുമ്പോള്‍
അമ്മിക്കല്ലുകള്‍
ആകാശത്തെ മറക്കുകയാണ്..

Monday, June 29, 2009

തറവാട് -ഓര്‍മകളില്‍..









നിരത്തു
വക്കിലെ പടിപ്പുരയ്ക്കക-
ത്തിരുട്ടുമൂടിയോരകത്തളത്തിലെന്‍
ബാല്യകൌമാരയൌവനങ്ങളെ
നടയ്ക്കുവച്ചിട്ട് കാലമെത്രയായ്..

കൂടുവിട്ടോര്‍മ്മ കൂട്മാറുന്നു..
ഇടയ്ക്കിടയ്ക്കവ മുറിഞ്ഞു നീറുന്നു..
കഴിഞ്ഞതൊക്കെയോന്നോര്‍ത്തു നോക്കവേ;
പടിപ്പുരയ്ക്കകത്തിരുട്ടു മാറുന്നു.

തൊടിയ്ക്കുമപ്പുറം കാട്ടുപൊന്തകള്‍.
ഇടയ്ക്കിടെ പൂത്തചെമ്പകത്തണല്‍.
മണം പരത്തുന്ന കാട്ടുപൂക്കളും,
നിണം മണക്കുന്ന കാറ്റുമോര്‍മ്മയില്‍..

പഴുത്ത ഞാറകള്‍ പറിച്ചുവച്ചു ഞാന്‍
അവള്‍ക്കു മാത്രമായ് കാത്തിരുന്നതും,
കനത്ത മാരിയില്‍ചേര്‍ത്തണച്ചു ഞാന്‍
പുഴകടന്നതും പൂ പറിച്ചതും,
കളിവിളക്കിന്റെയരികില്‍ നിന്നെന്നെ
ഇമകള്‍ വെട്ടാതെ നോക്കിനിന്നതും,
ദൂരെ ദൂരെ നിന്നൊഴുകിയെത്തിയോ-
രോണനാളിലെ പാട്ടിനീണത്തില്‍
ചുവടു വച്ചെന്റെയരികിലെത്തിയെന്‍
ചുണ്ടിലര്‍പ്പിച്ച ചുംബനങ്ങളും,
നെഞ്ചിനുള്ളിന്‍ നെരിപ്പോടിലിപ്പോഴും
പുഞ്ചിരിയില്‍ പൊതിഞ്ഞവിലാപങ്ങള്‍.
നിലവറകളില്‍,മച്ചിലിപ്പോഴും
യെരിന്നുതിരത്ത പ്രണയനോവുകള്‍.
പിറന്നവീടതില്‍ പിടഞ്ഞുവീണതെന്‍
കുരുന്നുമോഹങ്ങള്‍ കൊരുത്തഈണങ്ങള്‍.

മുഴുത്തനാക്കുകള്‍ തെറിച്ചവേളയില്‍
മുഖത്തുതുപ്പിയ മുഷിഞ്ഞവാക്കുകള്‍
മനത്തളങ്ങളില്‍ പെറുക്കിവച്ചവ,
ഇടയ്ക്കിടക്കുഞാന്‍ പുറത്തെടുക്കുന്നു.

കൊതിമുഴുക്കാത്ത വിരുന്നുശാലയില്‍
കൊഴുത്തകാളകള്‍ മദിച്ചരാത്രികള്‍.
രൌദ്രനാടകം കെട്ടിയാടുന്ന
വീരശൂരരാം തമ്പുരാക്കള്‍ക്ക്
ശാന്തഭാവംപകര്‍ന്നു നല്കീടുവാന്‍
രാവിലെത്തുന്നു ദേവദാസികള്‍..
മാതുലന്മാര്‍ മഹാസൂത്രശാലികള്‍,
കെട്ടിലമ്മയ്ക്ക് നോട്ടുകെട്ടുമായ്
പൂച്ചയെപോല്‍ പതുങ്ങിനീങ്ങുന്ന
രാത്രികള്‍,വെറും പതിവുകാഴ്ചകള്‍.

കരിപിടിച്ചോരടുക്കള കോലയില്‍
കരയുമമ്മമാര്‍ നോക്കുകുത്തികള്‍.
നിലവിളക്കുകള്‍,ഓട്ടുകിണ്ടികള്‍,
തൂക്കിവിറ്റിന്നു പശിയടക്കുന്നു.
മൂടുപൊട്ടിയ മണ്‍കുടങ്ങളില്‍
മൂടിവയ്ക്കുന്നു വേവലാതികള്‍.

നെഞ്ചിനുള്ളിന്‍ നെരിപ്പോടിലിപ്പോഴും,
പുഞ്ചിരികള്‍ കരിഞ്ഞ വിലാപങ്ങള്‍.
പകുത്തുനല്‍കിയെന്‍ ഭാഗപത്രവും,
അതില്‍ കുഴിച്ചു തന്നൊരീ-
കിണറ്റില്‍ നിന്നുഞാന്‍
കുടിച്ചു തീര്‍ക്കുന്നു
കടക്കണക്കുകള്‍.
___________________________
കുരീപുഴ സുനില്‍രാജ്

ജീവന്‍റെ സൂര്യകാന്തിപൂക്കള്‍



sketch by Vignesh,Muscut











വാന്‍ഗോഗ്..
നെഞ്ചകം തന്നെ ക്യാന്‍വാസാക്കി മാറ്റി-
യന്ങവസാന ചിത്രം വരയ്ക്കാന്‍ തുടങ്ങവേ ,
നിന്നുള്ളില്‍ ജീവന്‍റെ സൂര്യകാന്തിപൂക്കള്‍
ഒരു വട്ടമെങ്കിലുംകരയാതിരുന്നുവോ..?

കോപം കുടിച്ച ലഹരിയിലബോധ-
പ്പെരുമഴയിലാശങ്ക നിറയുന്ന നേരം
ഗോഗിനെ കൊല്ലാന്‍ തുനിഞ്ഞതില്‍
കുറ്റബോധമൊരു കത്തിയുടെ വായ്ത്തല-
യിലാഴ്ത്തി..പാപബോധത്താല്‍
സ്വയം ചെവിമുറിച്ചെറിയവേ,
ഉച്ചയുറക്കത്തില്‍ ആടിതിമര്‍ക്കുന്ന
ഭീകരസ്വപ്പ്നത്തിലാരോഹണത്തിന്റെ
തീക്കാറ്റടിക്കവേ..;
സംഭ്രമകോട്ടകള്‍ പൊട്ടിത്തെറിച്ചതില്‍
വെന്തുതീരാത്തതാണങ്ങതന്‍ ഭാവന.

ഉന്മാദമെരിയുന്ന ചങ്ങലകൂട്ടങ്ങള്‍
തുള്ളിയുറയും മനോരോഗവാര്‍ഡിന്റെ
ഭീകരനേത്രങ്ങള്‍ ശാന്തഭാവം കൊണ്ടു-
ചാലിചെടുത്തതില്‍ നീ തീര്‍ത്ത
വിഹ്വലലോകം ഐറീസസ്..*൧

വരളുന്ന വയറിന്റെ കാളലും കൊണ്ടങ്ങു
വര്‍ണങ്ങള്‍ തന്‍ മഹാസാഗരം നീന്തവെ,
ചിതല്‍തിന്നു തീര്‍ക്കുന്ന ചിത്രപ്പുരയിലും
തെരുവിലെ കുളിരിലും*'നക്ഷത്രരാത്രി'കളില്‍
ദുരിതങ്ങളെരിയുന്ന മെഴുതിരിയായി നീ.

എണ്ണിതുടങ്ങിയാലെണൂറിനപ്പുറം
വര്‍ണ്ണ ലോകങ്ങള്‍ ചമച്ച വാന്‍ഗോഗ്.!
ഉരുളക്കിഴങ്ങിന്നുപോലും തികയാത്ത
ചില്ലികളെറിഞ്ഞാരോ വിലവച്ച-
തൊരു ചിത്രമാണല്ലോ ജീവിതമാകെയും.

*ഉരുളക്കിഴങ്ങ് തിന്നുന്നവര്‍ വന്നൊടുവില്‍
ഒരു മഹാലോകം വിലക്ക് വാങ്ങാനുള്ള
തുക തന്നെടുത്തു നിന്‍ ചിത്രങ്ങളൊക്കെയും.
കാലശേഷം കലാമൂല്യം മണത്തവര്‍..!

നെഞ്ചകം തന്നെ ക്യാന്‍വാസാക്കി,
തോക്ക് ബ്രഷാക്കി,
വെടിയുണ്ട കൊണ്ടങ്ങു
നെഞ്ചില്‍ വരച്ചന്ത്യചിത്രം.!

(ജീവിതമെന്നതിന്നര്‍ത്ഥം വരക്കുവാന്‍
കരളില്‍ കരാളമാം കാമം ജ്വലിക്കാതെ
നേര്‍ക്കുനേര്‍ നില്‍ക്കാതെ
പ്രണയം പിറക്കവേ,
നീ തീര്‍ത്ത ശൂന്യതക്കിപ്പുറം
ക്യാന്‍വാസില്‍ ,
ആരുടെ കത്തിമുന
കൊണ്ടുകയറൂന്നു...)
________________________


*ഐറീസസ്- -539 ലക്ഷം ഡോളറിനു ലേലത്തില്‍ പോയ
വാന്‍ഗോഗ് ചിത്രം.
*നക്ഷത്രരാത്രി..*potato eaters..തുടങ്ങിയ വാന്‍ഗോഗ് ചിത്രങ്ങള്‍..
_________________________________________________

മുജറ പൂക്കള്‍







സൌമിനീ ..
നീ തന്നെ അല്ലെ മെര്‍ലിന്‍..
ലൈലയും നീ തന്നെയല്ലേ.?
എന്റെ നീലവും നീ മാത്രമല്ലെ ..?
(പേരിലിന്നെന്തിരിക്കുന്നൂ..)

നിനക്ക് പല പേരുകള്‍..
പല ദേശങ്ങള്‍ ..
പല ഭാഷകള്‍ ..
വാക്കുകള്‍ ..
നോക്കുകള്‍..

നിന്റെ ഓരോ തുള്ളി കണ്ണീരും
മുജറ പൂക്കളാണ്..
നിന്റെ പ്രണയം പണയമാണ്.
വാടകമുറിയില്‍ കാമമാണ്‌.
നിന്റെ കണംകാലുകളിലെ
കൊലുസുകളിളകുമ്പോഴാണ്
'പാടായി 'ലുള്ളവരുടെ
വയറുകള്‍ നിറയുന്നത്.
മരണമേതും,
അച്ഛന്റെതോ.അമ്മയുടെതോ
ഏതു പ്രിയരുടെതുമാകാം.
അവര്‍ പുഴുക്കളരിക്കാതെ
ഭൂമിയെ പുണരുകയാണ് .

ഒരു പെര്‍ഫുമും
ഒരു കൂട മുന്തിരിയും
വാങ്ങി നീ ചിരിക്കുമ്പോള്‍
നിന്നില്‍ തറയ്ക്കുന്നതറബിയുടെ
മുഖമല്ല ..
കീശയല്ല ..

എപ്പോഴോ
നിന്റെയീ ഗാനം നിലക്കുമ്പോള്‍ ..
കുപ്പി വളകളുടയുന്നു..
ചുവടുകള്‍ നിലയ്ക്കുന്നു ..
കണ്ണീരു നിറയുന്ന പാനപാത്രം..
താഴെ വീണുടയുമ്പോള്‍,
നീയിന്നു വീണ്ടും ചിരിക്കുന്നു.
സൌമിനീ...
നിനക്കിപ്പോള്‍ എത്ര പേരുകള്‍..!_______________

അഷ്ടമുടി














അഷ്ടമുടിയുടെ ഹ്രദയത്തില്‍
വള്ളം തുഴയുന്നവരും
വലയെറിയുന്നവരും പാടുന്നു..
വലയില്‍ കുടുങ്ങിയ
മല്‍സ്യകന്യകയുടെ കഥ.
കന്യകയെ കാമിച്ച
ജലപിശാചിന്റെ ഭീകരത.
അഗാധതയില്‍ നിന്നും
ജലപ്പരപ്പിലേക്ക്
അമ്മാനമാടിവരുന്ന കുമിളകള്‍,
ആറ്റുവഞ്ചികളുടെ നഗ്നതയില്‍
ചുണ്ടുരസിപൊട്ടിമരിക്കുന്നു.
തുഴകള്‍ ഭോഗത്തെ മാത്രം
പ്രണയിച്ച കാമുകര്‍.
പെഴംതുരുത്ത്..
കുറവന്‍ തുരുത്ത്..
ഇനിയുമുണ്ടേറെ തുരുത്തുകള്‍.
ദുര്‍മരണങ്ങളുടെ
ശവക്കല്ലറകളില്‍
തളിര്‍ത്ത തുളസിചെടി..
തുരുത്ത് കരയുന്നു..
കണ്ണുനീര്‍
അഷ്ടമുടികായലേറ്റ് വാങ്ങുന്നു.

തെക്കോട്ട്‌ പോകുന്ന ബോട്ടില്‍
പ്രതീക്ഷയുടെ ഊര്‍ധ്വശ്വാസം-
വലിച്ചഞ്ചാറൂ പേര്‍
വടക്കോട്ട്‌ പോകുന്ന വഞ്ചിയില്‍
വേളിക്കു പോകുന്ന -
വെയിലും നിലാവും.
കിഴക്കുദിച്ചകിനാവുകളെ
പടിഞ്ഞാറ് പകയോടെ
മുക്കികൊല്ലുന്നു .
നിലാവിലിണ ചേരുന്ന ഞണ്ടുകളുടെ
നെഞ്ചില്‍ തുളച്ചിറങ്ങിയ
ആര്‍ത്തികളുടെ കൂര്‍ത്തകമ്പിയില്‍
ഒരു ഗര്‍ഭസ്ഥശിശുവിന്റെ
ചതഞ്ഞ കോശങ്ങള്‍.
രാവും പകലുമിപ്പോള്‍
അമ്മ കരയുകയാണ്.
കെട്ടിപുണര്‍ന്നു കിടക്കുന്നിണകളാം
ശവങ്ങളെ
നെഞ്ഞിലാട്ടി പകക്കയാണമ്മ..


പരപുരുഷനൊപ്പം പോയ ഭാര്യയും,
കള്ളുകൊണ്ട് കണ്ണാടിതീര്‍ത്ത കൊല്ലനും
നന്മ നിറഞ്ഞ ദാവീദും
അന്ധനായ നെപ്പോളിയനും
കുമാരനും സുലൈമാനും
പുരോഹിതനും പോറ്റിയും
സഖാവും കള്ളനും
അഷ്ടമുടിക്ക് പ്രിയപ്പെട്ടവര്‍.
ബേബിച്ചായന്റെ* 'കഥ'കളികള്‍ക്ക് സാക്ഷിയായ്
തിരുനല്ലൂരിന്നു തീര്‍ഥമായ്
പണിക്കര്‍ക്ക്* അമൂര്‍ത്തചിത്രമായ്‌
കുരീപുഴയുടെ ശ്രീക്ക് ഇഷ്ടമുടിയായ്*
എനിക്കൊരു സര്‍വംസഹയായ്‌
അമ്മേ..എന്റെ അഷ്ടമുടീ.
ഈ ആത്മബന്ധങ്ങളുടെ മുദ്രകള്‍
നീ എന്നാണിനി എണ്ണി തീര്‍ക്കുക.

കോപത്തിന്റെ ജടകളില്‍നിന്നും
സംഹാരത്തിന്റെ സ്ര്ഷ്ട്ടിയായ്
അപമാനിതയായ്
എട്ടു കോണില്‍ പരക്കുമ്പോഴും
അഗാധതയില്‍ അഗ്നികുണ്ടങ്ങള്‍..!

കക്കകള്‍ ഒരു കവിതയിലും ബിംബമല്ല.
ചീനവലകള്‍ കുരുങ്ങിയ തൊണ്ടയില്‍-
നിന്നോരാര്‍ത്ത നാദം മീനുകള്‍ക്ക്.
എനിക്കെന്റെ തുളവീണ
ഹ്ര്ദയത്തിന്റെ ഞരമ്പാണമ്മ.
_______________________

*കാക്കനാടന്‍.
*ജയപാലപണിക്കര്‍
*തിരുനല്ലൂര്‍ കരുണാകരന്‍.
*കുരീപ്പുഴ ശ്രീകുമാര്‍

(..പലര്‍ക്കും നിള പോലെയാണ്
എനിക്ക് അഷ്ടമുടി..
ഒരുപാട് മിത്തുകള്‍ നിറഞ്ഞ
ഈ അഷ്ടമുടിക്കായലും ദേശവും ...)
____________________________
കുരീപ്പുഴ സുനില്‍രാജ്‌

അമ്മ അറിയാന്‍..



(sketch By Vignesh,Muscut



(ജോണ്‍ അബ്രഹാമിന്...
...മക്കളുടെ ദുഃഖം കാണാന്‍ കഴിവില്ലാത്ത അമ്മമാര്‍ക്കും.)







ശാന്തമാണെല്ലാം അമ്മേ..
ശാന്തമാണെല്ലാം...
എന്റെ പച്ചതുരുത്തില്‍
പാടുന്നു പക്ഷികള്‍
പഴയ പാട്ടിന്നും.
പശുക്കള്‍ ചുരത്തുന്ന
പാലിനും കുറവില്ല.
മധുരവും കുറവില്ല.

എന്റെ തുരുത്താകെ കത്തിയെരിഞ്ഞെന്ന
കള്ളമിന്നമ്മയോടാരാണ് ചൊന്നത്..?

(കള്ളമാണെക്കെയുമെന്നൊരു കള്ളമെന്‍
അമ്മക്ക് വേണ്ടി പറഞ്ഞാല്‍ ക്ഷമിക്കുക.)

കാലത്തുണരുന്നു..
പുഴയില്‍ കുളിക്കുന്നു..
നെറ്റില്‍ ചന്ദനം-
ചാര്‍ത്തുന്നു നിത്യവും.
പൂക്കളിറുത്തു ഞാന്‍
പൂജക്ക്‌ നല്‍കുന്നു.
കര്‍പ്പൂരദീപമെന്നുള്ളൂ-
കൊണ്ടുഴിയുന്നു.

പുഴ വറ്റിയെന്നും പൂക്കള്‍ കരിഞ്ഞെന്നും,
ദൈവം തുരുത്തു വിട്ടോടിയെന്നൊക്കെയും,
കള്ളമിന്നമ്മയോടാരാണ് ചൊന്നത്..?

എന്റെ മംഗല്യസൂത്രമണിഞവള്‍..
അമ്മയ്ക്ക് പൊന്നുമോള്‍..
കൊച്ചുകൊട്ടാരത്തിലി-
ന്നൊരു ലക്ഷ്മിയായ്
വിശക്കുമ്പോളൊക്കെയും
അന്നം വിളമ്പുന്നു.
അമ്മേടെ പേരക്കിടാവിന്നു
അമ്മിഞ്ഞ നല്‍കുന്നു.
സ്നേഹ ഗീതം പാടി
എന്നെയുറക്കുന്നു.
സന്തോഷമാണമ്മേയിന്നെന്റെ ജീവിതം.

ദീപങ്ങളൊക്കെ കെടുത്തിയിട്ടെന്നെ-
തുരുത്തിലിന്നൊറ്റയ്ക്കു വിട്ടിട്ടു
ലക്ഷ്മിയും പോയെന്ന
കള്ളമിന്നമ്മയോടാരാണ് ചൊന്നത്..?

ഒരു നൂറു വ്യഥകള്‍ തന്‍
ഭാണ്ഡവും പേറി
ലഹരിയില്‍ പടയണിപാട്ടുകള്‍ പാടി
ഞാനൊരു തെയ്യമായ് ഉറയുന്നുവെന്നും
ഇത് പോലെ പലതും കേട്ടാലുമമ്മേ ..
കള്ളമാണൊക്കെയുമെന്നു ധരിക്കുക.

അവിടെയിന്നമ്മയ്ക്ക്
സുഖമെന്ന് കരുതുന്നു.
ഞാനുടന്‍ വന്നിടാം
അമ്മയെ കാണുവാന്‍..
_________________
കുരീപ്പുഴ സുനില്‍രാജ് .

[കുറച്ചു പഴയ കവിതയാണ്]

ആയുസ്സിന്റെ പുസ്തകത്തില്‍ അയ്യപ്പന്‍





(പത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പ്...
എ.അയ്യപ്പന് ആറ് മാസത്തെ ആയുസ്സ്
കൂടിയേയുള്ളൂ എന്ന് ആധുനിക ഭിഷഗ്വരന്മാര്‍ വിധിയെഴുതി..
ആയുസ്സിന്റെ പുസ്തകത്തില്‍ അയ്യപ്പന്‍
ഇപ്പോഴും ഒന്നാം നമ്പര്‍..)
___________________________

തീരെ വയ്യെന്‍ സഖാവേ..
ഇന്നലെ ഒരു തുള്ളി പോലും
കുടിച്ചില്ല ഞാന്‍..
കൊടും മഞ്ഞായിരുന്നു
കവലയിലിന്നലെ ..
പതിവ് തെറ്റിച്ചവര്‍
വന്നുമില്ല..

മരണമൊരു മാരണം
മിണ്ടാതെ വന്നെന്റെ
തൊണ്ടയില്‍ കുത്തി പിടിച്ച നേരം,
ഒറ്റച്ചവിട്ടിന്നു തട്ടിതെറിപ്പി-
ചൊരാട്ടും തെറിയും
കൊടുത്തു വിട്ടു.
................................
കലികാലമല്ലിതു..
കലിപൂണ്ട കാലം .
ഇന്ന് ബുദ്ധിക്കിനങ്ങുന്ന തലകളില്ല..
വാക്കിന്നു യോജിച്ച നാക്കുമില്ല..
ഇത് ഒന്നിനും പറ്റുന്ന കാലമല്ല.

ചോല്ലുവാനോത്തിരി കവിതയുണ്ട്,
പറയുവാനോത്തിരി കഥയുമുണ്ട്,
കഥകളിലനവധി കാര്യമുണ്ട്,
കവിതയില്‍ കറതീര്‍ന്ന കാമമുണ്ട്‌,
കൈവിട്ടു പോകുന്ന ജന്മമുണ്ട്.

കദനമെരിയുന്നോരീ
കരളിന്റെ ബാക്കിയില്‍
പകുതി മുറിച്ചിന്നു കവിതയാക്കം.
..............................................
കവിതയില്‍ കള്ളിന്റെ ഗന്ധമില്ല
കള്ളം പറയേണ്ട കാര്യമില്ല.
ചൊല്ലുവാനിതിരിഉള്ളില്‍ വേണം
മുഖം പോലുമില്ലത്തവന്‍ ഞാന്‍,
എനിക്കിനി
മുഖവും മിനുക്കേണ്ട കാര്യമില്ല.
മുഖം‌മൂടികള്‍ക്കിന്നു ക്ഷാമമില്ല..
..................................................
രണ്ടുചിയുണ്ടായതെന്റെ ശാപം*
അതോ
രണ്ടുച്ചി മാത്രമോഎന്റെ കേമം.
_______________________

(*എ.അയ്യപ്പന്റെ
"രണ്ടുചിയുന്ടെന്‍ ശിരസ്സില്‍.
ഇരുന്നു വാഴണം..
അല്ലെകില്‍ ഇരന്നു വാഴണം ..
എന്ന വരികള്‍.
_______________________
കുരീപ്പുഴ സുനില്‍രാജ്‌

കത്തുകളിപ്പോള്‍ ഫോസ്സിലുകള്‍ മാത്രം..


ആമുഖം
____________________
'..ഇനി എന്നാണു ഞാന്‍ നിന്നെ
ഒന്നുമ്മ വയ്ക്കുന്നത്..?"
പാതിരാവില്‍ പറന്നെത്തിയ
മെസ്സേജില്‍ ചുംബിച്ചു കാമുകന്‍.
ഈ മെയിലില്‍
മേനി കണ്ടു തീരും മുന്‍പേ..
'വല' കുരുങ്ങി..
'എലി'യും ചത്തു.
അവന്‍ ഇറോട്ടിക് ദിശയില്‍ ...

എന്റെ ഉറക്കത്തില്‍
കാക്കിയിട്ട് കാലന്‍ കുടയുമായി വരുന്ന
പോസ്റ്മാന്‍ ഭാസ്കരന്‍ ചേട്ടന്‍.. .
_______________________

കത്തുകളിപ്പോള്‍
ചാപിള്ളകളാണ്..
ചരാചരങ്ങളുടെ
ചലനമറിയാതെ
ചരമമടഞ്ഞവര്‍..
പിറക്കാത്ത ഉണ്ണികള്‍.
.................
പത്തായപ്പുരയിലെ എലികാഷ്ട്ടത്തില്‍
മുത്തശ്ശന്‍ തന്ന താക്കോല്‍ കളഞ്ഞപെട്ടിയില്‍
മരണമില്ലാത്ത ആത്മാക്കള്‍ പോലെ കത്തുകള്‍...
ഇരട്ടവാലനും ചിതലുകളും ബാക്കി വച്ച
അക്ഷരങ്ങളില്‍ ഓര്‍മകളുടെ തുറിച്ച കണ്ണുകള്‍..

മറവികളുടെ ഒരു വയ്ക്കോല്‍തുറു ..
മാഞ്ചോട്ടില്‍ ചുട്ട മണ്ണപ്പത്തിന്റെ ചൂട്..
മാനം കാണാതെ കാത്ത മയില്‍പ്പീലികള്‍..
കുന്നിക്കുരു നിറച്ച വാക്കുകളുടെ ഡപ്പിയും..
തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ച ബാല്യവും..
കത്തുകളിപ്പോള്‍ ദിനോസറിന്റെ ഫോസ്സിലുകള്‍.

തലച്ചോറില്‍ തീപിടിച്ചെരിഞ്ഞ
പ്രണയത്തിന്റെ കനല്‍ക്കൂനകളില്‍
കരിമഷിയും ഉടഞ്ഞ കുപ്പിവളകളും..
പാതികത്തിയ കല്യാണക്കുറികളില്‍
ഒന്ന് മാത്രം കണ്ണിമ വെട്ടാതെ...
കത്തുകളില്‍ വാക്കുകളുടെ കുത്തൊഴുക്കുകളാണ്..

കിദല്‍പൂരില്‍ തേടി വന്ന ലിസ്സിയുടെ..
കാളിഖട്ടില്‍ വലിച്ചെറിയാതെ കാത്ത രാധയുടെ..
കായലില്‍ മറഞ്ഞുയര്‍ന്ന ജമീലയുടെ..
വിഷം തീണ്ടി മരിച്ച യമുനയുടെ..
എവിടേക്കോ..എങ്ങോട്ടൊക്കെയോ
പറന്നകന്ന സൌഹൃദ ശലഭങ്ങളാണ് കത്തുകള്‍..

ഗയയില്‍ താന്‍ കണ്ട ഒരു പെണ്ണിന്
ലിംഗമുണ്ടായിരുന്നെന്നു സിദ്ധനമ്മാവാന്‍...
പത്തനാപുരത്തെ അച്ചാമ്മ ചേച്ചിയുടെ
കരുണാര്‍ദ്ര രാത്രികളോര്‍ത്ത് എബ്രഹാംതോമസ്‌..
രണ്ടായിരാമാണ്ടിലെ ഭാരതം
ചുവന്ന സൂര്യന്റെതെന്നു സഖാവ് പി.കെ.

മേസോപെട്ടോമിയ..ഗോര്ബോചോവ്‌..
കാമു..കനെറ്റി..കസാന്ത്‌സാക്കിസ്‌ ..
കടമ്മനിട്ട..ചുള്ളിക്കാട്..കുരീപ്പുഴ
യുക്തിവാദം..ബര്‍ട്ടെലൂചി .ജോണ്‍ അബ്രഹാം..
തലചോറുള്ള പുരാവസ്തുക്കളാകുന്നു കത്തുകള്‍..

ഒക്കെയും കത്തിച്ചു
മറവികളിലൊഴുക്കാന്‍
തീപ്പെട്ടിയുരസുമ്പോള്‍....
ഒരു കത്തില്‍ നിന്ന് അമ്മയുടെ കൈ..
'അരുത് മോനെ ..കത്തുകള്‍ മനസുകളാണ് .
വീണ്ടെടുക്കാനാവാത്ത ഓര്‍മകളാണ്..'
_____________________________
kureepuzha sunil raj

Sunday, June 28, 2009

കട്ട് ബിറ്റുകള്‍

പാതിവൃത്യം
_________













പതിയുടെ ആത്മാ‌വ്
തിരികെ വാങ്ങാന്‍ പോയ സാവിത്രി
യമന്‍ പകരം നല്‍കിയ
എട്ടക്ക സംങ്യയുമായി വന്നു.
ക്ലോണിങ്ങിലൂടെ സത്യവാന്‍
ഉറക്കമുണരുമ്പോള്‍
പിറന്നു വീണൊരു കുഞ്ഞായി
വെള്ളിത്തിരയില്‍
സാവിത്രി ന്ര്‍ത്തമാടുന്നു.

_________________

പ്രണയം
_________________













ഒരു മുന്തിരിക്കുല പോലെ
പ്രണയം പഴുത്തു നിന്നു.
അവസാന രംഗത്തിന്
തൊട്ടുമുന്‍പ്,
കവിളിലൂടൊലിച്ചിറങ്ങിയ
കണ്ണീരിന്റെ
ഉപ്പു നക്കി
കാമുകി പറഞ്ഞു.
'എനിക്ക് പ്രഷറാണ്'
കുറുക്കന്‍ പറഞ്ഞു
'ഈ മുന്തിരിക്ക്
പുളിയില്ല..
നല്ല മധുരമാണ്.
പക്ഷെ എനിക്ക് ഷുഗറാണ്..'


_________________
പ്രണയവും വിപ്ലവവും
_________________














പ്രണയം സ്വപ്നം കണ്ടപ്പോള്‍
വിപ്ലവം മറന്നവര്‍.
വിപ്ലവം സ്വപ്നം കണ്ടപ്പോള്‍
പ്രണയം മറന്നവര്‍.
പ്രണയവും വിപ്ലവവും
ഒരുമിച്ചു വന്നപ്പോള്‍
ജീവിതം മറന്നു പോയ്..

________________
ആ കഥയെഴുതിയവന്‍
________________









കുളിമുറിയിലെ ഉണക്കാനിട്ടിരുന്ന
അടിവസ്ത്രങ്ങള്‍ കവര്‍ന്നെടുത്ത കള്ളാ..
നീയല്ലേ ആ കഥയെഴുതിയവന്‍.
നിന്റെ കഥകളിലുമുണ്ട്‌
ആര്‍ത്തവരക്ത്തത്തിന്റെ ചൂര്..


_______________________

വൈരുധ്യാധിഷ്ടിത ഭൌതികവാദം.
_______________________



'ഉരുകിയൊലിക്കുന്ന സമയം'
സാല്‍വഡോര്‍ ഡാലി






എന്റെ ബീഡിക്കറ പുരണ്ട ചുണ്ടും
നിന്റെ ലിപ്സ്റ്റിക്കിട്ട ചുണ്ടും
എന്റെ വെറ്റിലക്കറയുള്ള പല്ലുകളും
നിന്റെ മുല്ലപ്പൂ പോലുള്ള പല്ലുകളും
എന്തൊരു വൈരുധ്യം..
എത്രയോ വൈരുധ്യങ്ങള്‍
നാം തമ്മിലിതുപോലെ..
എങ്ങിലും എന്റെ ജീവിതം
നിന്നില്‍ അധിഷ്ഷ്ടിതമാണ് .
നാം തമ്മില്‍ ചേരില്ലെന്ന്
വാ തോരാതെ വാദിക്കുന്നവര്‍
വൈരുധ്യാധിഷ്ടിത ഭൌതിക-
വാദക്കാരായിരിക്കും.
__________________



___________________
പ്രാവും കഴുകനും അഥവാ
_____________________










ഒലിവില ..ഒരു വെള്ള പ്രാവ്.
സമാധാനം.
ശവങ്ങള്‍ ..കഴുകന്മാര്‍.
അരാജകത്വം..
സമാധാനവാദിയുടെ ശാന്ത ചിന്തകള്‍ക്കും
അരാജകത്വവാദിയുടെ മാംസ ചിന്തകള്‍ക്കും
മുന്നില്‍ പണയമായ്‌
ഒരു കുടന്ന പൂക്കളും
ഒരു തൂക്കു മരവും
എനിക്ക് കടം തരൂ..
____________________

ചുരക്കാതെ പോകുന്ന മുലകള്‍.
____________________














ഞാന്‍ ‍അല്‍ബേര്‍.*
നീ സിമ്മോന്‍*

ചുരക്കാത്ത മുലയെ പറ്റി
സിമ്മോന്‍..നീ വല്ലതും പറഞ്ഞോ.
എന്നോട് നീ അപ്പോഴും
മരണത്തെ പറ്റിയല്ലേ പറഞ്ഞത്.
നശിച്ച അസ്ത്തിത്വ വാദം..!
മരണത്തിന്റെ ചില്ലകളിലായിരുന്നു
പ്രണയത്തിന്റെ പൂക്കള്‍ വിരിഞ്ഞത്...
പിന്നെങ്ങിനെ മുലകള്‍ ചുരക്കും.

_____________________
* ആല്‍ബര്‍ കാമു
* സിമ്മോന്‍ ദെ ബോവ്വര്‍



_____________
ചരമഗീതം
_____________

ചതിയ്ക്കപെട്ടവന്‍
ചരമമടഞ്ഞപ്പോള്‍
ചതിച്ചവന്‍ എഴുതീ
ചരമഗീതം ..
'ചിന്തനീയമീ ജീവിതം .
ചരിത്രതാളില്‍ ഗണനീയസ്ഥാനം'
_________________


______________
കുടുംബ പുരാണം
______________








അമ്മ പറഞ്ഞത് കാര്യമായിരുന്നു.
അച്ഛന്‍ പറഞ്ഞത് കള്ളവും.
പെങ്ങന്മാര്‍ പുര നിറഞ്ഞു നിന്നിട്ടും
ആങ്ങളമാര്‍ ആട്ടം കണ്ടു വന്നില്ല.
_______________________


_____________________
കഴുത..കാമിനി
_____________________


കഴുത കാമം കരഞ്ഞു തീര്‍ക്കുന്നു.
കാമിനി ജീവിതം കരഞ്ഞു തീര്‍ക്കുന്നു.


അവള്‍

____________________

ഓടി തളര്‍ന്നു വന്നപ്പോള്‍
അവള്‍ ശ്വാസമാകുമെന്നു കരുതി..
അവള്‍ ജലം പോലുമായില്ല.
അവള്‍ മഴയായ്‌ എവിടെയോ
ഞാനറിയാതെ പെയ്യുന്നുണ്ടാവും ..
______________________






ഒന്ന് ചൂടാകാന്‍ ഒരു 'കവിത' ...


______________________
വല്ലത്തോരീ തണുപ്പിനെ
മാറോടണച്ചു പുതപ്പിച്ചോ-
രാശ്വാസ കമ്പിളിയാമെന്‍
പ്രിയ' കവിതേ..'
കനലെരിയും നിന്‍
കടകണ്ണു കൊണ്ടെന്റെ
കരളു പൊള്ളിച്ചൊന്നു
നീയുണര്‍ത്തൂ...
_______________________







മുലപ്പാല്‍ മണക്കുന്ന കവിത.

_________________
മുലപ്പാല്‍ മണക്കുന്ന
*ബാഡീസിന്റെ കെട്ടഴിച്ചു
സ്തനമുകുളങ്ങള്‍
ചുരത്തി തന്ന
അമ്മയുടെ സ്നേഹമാണ്
ചില നേരങ്ങളില്‍
സിരകളില്‍ നുരയ്ക്കുന്നത്..
കവിതയായി പിറക്കുന്നത്‌..
___________________
*വസ്ത്രപരിണാമങ്ങളില്‍ റവുക്കയുടെ തുടര്‍രൂപം..
ബ്രായുടെ ആദിരൂപം .
_________________





അകല്‍ച്ച
_____________
അകല്‍ച്ചയ്ക്കൊരു അടുപ്പമുണ്ട് 
അടുപ്പില്‍ തിളയ്ക്കുന്ന അമ്മ പോലെ .
ആശ്വാസത്തിലാണ്..
ഇത്തിരി ശ്വാസം ബാക്കിയുണ്ട് .





Jan 19



Saturday, June 27, 2009

പടിയിറക്കം.


നടയടച്ചിന്നു ഞാന്‍ പടിയിറങ്ങുമ്പോള്‍
നിമിഷങ്ങളാത്മോപദേശം നടത്തുന്നു.
നാലമ്പലത്തിലെ കല്‍വിളക്കില്‍ കത്തി-
യണയും കരിന്തിരി പോലെ ജന്മം.

അടച്ചിട്ട ജാലകപഴുതിലൂടോര്‍മ്മകള്‍
ഇടയ്ക്ക് വന്നെത്തുന്നു..
കൊഞ്ഞനം കുത്തുന്നു.
കഠിനകാലത്തിന്റെയുലയില്‍
പഴുപ്പിച്ച നിലവിളികള്‍..
നീളും ശവക്കാഴ്ചകള്‍.

നിന്ദ തീര്‍ക്കുന്നോരെരിതീയിലിപ്പോഴും
നന്ദികേടിന്‍ മഹായാഗം നടക്കവേ;
കരി പൂണ്ട വാക്കുകള്‍ക്കരികില്‍ പുറം-
തിരിഞൊരുകൂട്ടമാളുകള്‍ നൃത്തമാടുന്നു.
ബന്ധുത്വമശ്ലീല വചനം ചൊരിഞ്ഞാത്മ-
ബന്ധങ്ങള്‍ മുറ്റത്തു തുപ്പികളയുന്നു.

പിറവിക്കു മാത്രമായുദരം കടം കൊണ്ട
ദുഷ്ട്ടജന്മങ്ങള്‍ക്ക് മോക്ഷംകൊടുക്കുക.
വരം നല്‍കി ജന്മത്തിനര്‍ത്ഥം കൊടുത്തൊരു
ഗോത്രദൈവത്തിനെ കൊല്ലാതിരിക്കുക.!

ഇല്ലിനി പടികള്‍ കടന്നു ഞാനെത്തില്ല.
എല്ലാം വെറും പടം.അന്ന്യമാണിവിടം
_______________________.
കുരീപ്പുഴ സുനില്‍രാജ്.

തീകാഴ്ചകള്‍..








ഭദ്രദീപം കൊളുത്തി
പടിയിറങ്ങി വന്ന
വിളറിവെളുത്ത കന്യകയുടെ
അരയിലൂടോലിച്ചിറങ്ങുന്നചോരക്ക്
ഒരു നാട്ടരചന്ടെ അടിവസ്ട്രതിന്റെ ഗന്ധം.

സൃഷ്ട്ടിയുടെ നിലവറക്കുള്ളില്‍ നിന്നും
കൂമന്‍ കണ്ണുകളുമായി വന്ന
സഞ്ചാരിയുടെ ഭാണ്ഡം നിറയെ
രോഷത്തിന്റെ കൊടുംകാറ്റ് .
ദുശകുനങ്ങളുടെ പെരുവഴികളില്‍
ദുരിതങ്ങളുടെ തീകാഴ്ചകള്‍..
ഭാവിയുടെ ഭൂപടത്തില്‍
ശൂന്യതയുടെ ആകാശകാഴ്ചകള്‍..
ഭൂതം ഒരു പഴംകോണകം പോലെ
കീറിപറിഞ്ഞത്..
വര്‍ത്തമാനത്തിന്റെ വാക്കുകള്‍
ആരോ തട്ടിഉടച്ചത്..

ഉച്ചക്കിനാവിലെത്തുന്ന
രക്ഷകന്റെ ത്ര്പ്പാദങ്ങളില്‍
പോട്ടിവാര്‍നോലിക്കുന്നു,
സത്യപ്രമാണവും നീതിസാരവും.
തലച്ചോറില്‍ നിഷേധത്തിന്റെ
രാസനാമങ്ങള്‍ ചിതറുമ്പോള്‍..
ചിരിക്കാനറിയാത്തവന്റെ ചങ്കില്‍
കാമത്തിന്റെ കണ്ണാടി ചില്ലുകളുടയുന്നു.
ചെകുത്താന്‍ അനാഥന്റെ മുഖമൂടി ചൂടി
കന്യകമാരുടെ കരളുരുക്കുന്നു.
മഞ്ഞുപോല്‍ നിര്‍മലം തിരുമുഖം -
ചുംബിച്ചു പ്രണയം കളിക്കുന്നു.
കുരുതിക്കാലുകള്‍ കടിച്ചെടുത്തു-
കൊണ്ടോടി മറയുന്നു മരണവണ്ടികള്‍.


പുരപ്പെട്ടതെവിടെ നിന്ന്...?
പുറം തിരിക്കെണ്ടതെവിടെയോ...
വിശ്രമത്തിനൊരു സത്രരാത്രി തേടുമ്പോള്‍..
മഹാത്മാക്കളുടെ ഘോഷയാത്രക്ക്‌
നേരമാകുന്നുവെന്നറിയിപ്പ് കേള്‍ക്കുന്നു.
മാറിനിന്നിടാം..മാറിനിന്നല്ലേ പറ്റൂ..

_______________________
കുരീപുഴ സുനില്‍രാജ്‌

അപരന്മാര്‍













ഇടി മുഴക്കങ്ങള്‍..അഗ്നിപാതങ്ങള്‍
ഇരുളു വീണൊരു പാതയില്‍.
ഇടയിലല്‍പ്പമിടവേള തന്നിലൊരു
സാന്ദ്ര സംഗീതനാദവും.
കേട്ടുനില്‍ല്‍ക്കാനാശയുള്ളിലുണര്‍ന്നു-
പക്ഷെ ഭീതിയെന്നില്‍ പടരവേ ;
കുതറിയോടി ഞാനൊടുവിലെവിടെയോ
ഇടറിവീണൊരു വേളയില്‍
ദൂരെ നിന്നും പാഞ്ഞുവന്നൊരു
കൂര്‍ത്തയമ്പെന്‍ചങ്കിനുള്ളില്‍ തുളയവേ,
ചീറിയൊഴുകിയ ചുടുനിണത്തില്‍
ലഹരി കണ്ടവരെത്രയോ..

വിളറിയൊടുവില്‍ വികലമായൊരു
മുറിവുണങ്ങാതൊടുവില്‍ ഞാനെന്‍
സ്മൃതികളെ താരാട്ടുപാട്ടിന്‍
താളമാക്കി കണ്ണടച്ചിട്ടിരുള്‍ചമച്ച-
തിലെത്ര നാളായ് തപസിരിക്കുന്നു.

ദീര്‍ഘമായൊരു തപസ്സിനിടയില്‍
അകലെ നിന്നുമടുത്തു വന്നൊരു
ആരവത്തിന്‍ പൊരുളറിയാന്‍,
തപസ്സു നിര്‍ത്തി..മിഴി തുറന്നു.
എന്നെമൂടിയ വാല്മീകത്തിന്‍
പുറംതോടു പൊളിച്ചുനോക്കി.
-എന്റെ നിഴലില്‍ തണല്‍ പറ്റി
എണ്ണമില്ലാതെത്ര രൂപങ്ങള്‍.!
ജട പിടിച്ചൊരു മുടിയുമായി
ചുടലമാടന്മാരോ മുന്നില്‍.!

എന്റെ മുന്നില്‍ നില്‍ക്കുമവരുടെ
രൂപമെല്ലാമൊന്നു പോലെ.
അവരെ മാറിലുമെന്റെ മാറിലെ
മുറിവു പോലെമുറിഞ്ഞ പാടുകള്‍.
അമ്പുകൊണ്ടു മുറിഞ്ഞ പാടുകള്‍.
ബോധമെന്നില്‍ വൈകിയെത്തിയ
വേളയില്‍ ഞാനറിയുന്നു
എന്റെ മുഖമാണവര്‍ക്കെല്ലാം.!

തലയില്‍ ഞാനെന്‍ കൈവിരലാല്‍
തലോടുമ്പോള്‍ തടയുന്നു.
ജട പിടിച്ചിന്നെന്റെ മുടിയും
വികൃതമായെന്നറിയുമ്പോള്‍..
ആരവങ്ങളുമട്ടഹാസവുമൊന്നു-
നിര്‍ത്തി..പിന്നവര്‍ ചൊല്ലി.
-തപസു നിര്‍ത്തൂ..മിഴിതുറക്കൂ..
ഒളിയമ്പുകളെയ്യുവോരുടെ
കൈകള്‍വെട്ടി മാലകോര്‍ത്തതു
മാറിലിട്ടൊരു നൃത്തമാടാന്‍
ജടപിടിച്ചൊരു മുടിമുറിച്ചു
വലിച്ചെറിഞ്ഞിട്ടൊന്നു ചേരാം.
പിന്നെ നമ്മള്‍ക്കെന്നുമെന്നും
ഭീതിയില്ലാതെത്ര നാളും
വേണ്ടുവോളം കേട്ടുനില്‍ക്കാം
സാന്ദ്ര സംഗീതം..
മന്ദ്ര പ്രണയസംഗീതം.



______________
കുരീപ്പുഴ സുനില്‍രാജ്

ആശ്രമ കന്യകയുടെ കത്തുകള്‍ ..


ഇന്ന് വീണ്ടും നിന്റെ കത്തെനിക്ക് കിട്ടി.
വളരെ നാളുകള്‍ക്കു ശേഷം.
അറിയുന്നു ഞാന്‍ ,
നിന്റെ വടിവൊത്ത കയ്യക്ഷരത്തിനും
സംബോദനക്ക്യുമീ വന്ന മാറ്റം.
നീ കോറിയിട്ട അക്ഷരങ്ങളില്‍..
അഗ്നിയുടെ ചൂടും
നൈരാശ്യത്തിന്റെ കണ്ണീരും
ഞാന്‍ തിരയുമ്പോള്‍,
മോഹഭംഗത്തിന്റെ ചാരത്തില്‍ നിന്നും
വെടികൊണ്ട പക്ഷിയുടെ കിതപ്പുമായി,
കാലത്തിന്റെ മുഖത്തെയ്ക്ക് കാറിതുപ്പി
ശാപവചനങ്ങള്‍ ചൊരിഞ്ഞ്..
നീ ഉയിര്‍ത്തെഴുന്നെല്‍ക്കുന്നത്
ഞാന്‍ കാണുന്നു.
ഒരു ഞെട്ടലോടെ
ഞാന്‍ പൊട്ടിക്കരയുന്നു.
എന്റെ തലയ്ക്കു മുകളില്‍
ബന്ധനത്തിന്റെ വലയും വീശി
കാത്തിരിക്കുന്ന ആരാചാരെയും
ഉറഞ്ഞുതുള്ളുന്ന പിശാചുക്കളേയും
ഞാന്‍ ദുസ്വപ്പ്നങ്ങള്‍ കാണുന്നു.
നാശത്തിന്റെ വാളുമായി
ദുര്‍മന്ത്രവാദിനികള്‍ പാഞ്ഞുവരുമ്പോള്‍,
ബലിക്കല്ലില്‍ തലയും വച്ച്
ഒരാശ്രമകന്യക എന്നെനോക്കി
പൊട്ടിച്ചിരിക്കുന്നു.
നിസ്സഹായതയുടെ ഭ്രൂണം
നിര്‍വൃതിയുടെ പുഷ്പ്പമാകുന്നു.
ബീജങ്ങള്‍ വെറും അന്നം മാത്രം.
___________________
കുരീപുഴ സുനില്‍രാജ്.

പഴന്തുണി കെട്ടും പഴകിയൊരു പാട്ടും..







പഴന്തുണി കെട്ടും
പഴകിയൊരു പാട്ടും..

പഴന്തുണി കെട്ടില്‍;

കുരുതിയ്ക്കു നല്‍കിയ
ബന്ധങ്ങള്‍ തുപ്പിയ
വെറ്റിലക്കറ വീണ
മായാത്ത പാടുകള്‍.
ചിന്തകള്‍ ചത്തതിന്‍
ദുര്‍ഗന്ധവും ,
മുലകണ്ണില്‍ ചുരത്തിയ
ക്രൂരമാം സ്നേഹവും.

പഴകിയൊരു പാട്ടില്‍;

നാണം മറയ്ക്കുവാന്‍
തുണിയഴിചൊടുവില്‍
നാണവും പോയന്നു
മാനവും പോയൊരു
നാരിക്കു നാഴിയും
നാണക്കേടളന്നൊട്ടും
കൊടുക്കാതെ
നാടുവിട്ടോടിയ
നാഥന്റെ സല്ക്കഥ,
നാട്ടാര്‍ക്ക് ചൊല്ലുവാന്‍
നാവുകള്‍ നഷ്ട്ടമായ്‌ .
നാടു നീളെ പാടാന്‍
പാണനും ചത്തുപോയ്‌.

ഇതിലുണ്ട് സത്യം.
പഴന്തുണി കെട്ടിനും.
പഴകിയ പാട്ടിനും.
അവകാശികളേറെയായ്.


______________
പഴയ ഒരു കവിത..

മഹാഗണി









ഇല കൊഴിഞ്ഞ മഹാഗണിയുടെ
മൌനം കണ്ടു
വേനല്‍ ഊറി ചിരിക്കുന്നു.
കത്തിയെരിഞ്ഞ കുടിലുകള്‍ക്കുള്ളിലെ
കത്തികരിഞ്ഞ ശവങ്ങളെ കണ്ടു
വേനല്‍ നന്മകള്‍ മറക്കുന്നു.
നീ കാറ്റിന്റെ ജാരന്‍,
നീ കേള്‍ക്കണം
ഒരു മൈനയുടെ തേങ്ങല്‍ .
നീയറിയണം
ഒരരുവിയുടെ വന്ധ്യത.
പെയ്തൊഴിഞ്ഞ പ്രണയവും
പാതി കരിഞ്ഞ ഉഷ്ണപ്പുണ്ണം
അനുഭവിച്ചറിയണം.

നിലവിട്ട ചൂടില്‍,
ഉണങ്ങിക്കരിഞ്ഞ പൂവള്ളികള്‍. .
നിറംകെട്ട ചിത്രശലഭങ്ങള്‍.
ചൊറിപിടിച്ച നിലാവുകള്‍
-വര്‍ത്തമാനം ചിലക്കുന്നു.

സ്ഖലനാനംതര ആലസ്യത്തില്‍
ഉറങ്ങിപോയ ഉടയാടകളില്‍
ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍.

ഊരിയിട്ട പാദുകങ്ങള്‍ മണത്തെത്തിയ
പട്ടികഴുവേറിയാണ് കാമം.
ആത്മരതിയാണ് ഭേദം.
പ്രവചനം ചിലക്കുന്നു;
-നെറികേട്ട വേനലിന്‍
നെറ്റിത്തടം തകര്‍ത്തിനി-
നിയുമൊരു മഴ വരും..
മൈനകള്‍ പാടും..
അരുവികള്‍ നിറയും.

-ഒരു മഴയുടെ മുഴക്കം
ഒരു കടുവയുടെ മുരള്‍ച്ച
കിടപ്പറ നനക്കുന്ന കാട്ടരുവി.
തണുത്ത രാത്രിയിലിപ്പോള്‍
സ്നേഹം തിളക്കുന്നു.

മൈനകള്‍ വീണ്ടും പാടുന്നു.
അരുവികള്‍ നിറയുന്നു.
മഹാഗണിയിലിപ്പോള്‍
വാക്കുകള്‍ വീണ്ടും തളിര്‍ത്തിരിക്കുന്നു ..!
_________________________

കിടക്കയില്‍ ഒരാള്‍ മാത്രം..










കിടക്കയില്‍ തബലയുടെ തോലുകള്‍
പൊളിഞ്ഞു കിടക്കുന്ന രാത്രി.
പഴ്ക്കിനാവുകളുടെ തുണിയുരിഞ്ഞു
നൃത്തത്തിനു ഒരു നീലാകാശം തീര്‍ത്തു.
കാഞ്ഞിരത്തില്‍ കല്‍ക്കണ്ട കനവുകള്‍.
കരിമ്പനകളില്‍ തൃഷ്ണ്ണയുടെ ലഹരി.
അലകളില്ലാത്ത ഏഴാംകടല്‍.

വിശുദ്ധമായ പ്രണയം
ഉടയാട ഊരുന്നു.
മനസ്സില്‍ ചൌരസ്യ മൂളുന്നു.
രവിശങ്കര്‍ പെയ്യുന്നു..
സാക്കീര്‍ തിളയ്ക്കുന്നു..
ഗുലാമലി നിറയുന്നു.

പറഞ്ഞതൊക്കെ പകുക്കാന്‍
പാപം മുറിശീലയുടുക്കുമ്പോള്‍,
ഭ്രൂണദാഹം ഒരണ്ടവും പാര്‍ത്ത്..
കാമത്തിന്റെ മൂന്നാം കണ്ണ്
കലി പൂണ്ട്..
വിറ കൊണ്ട്..
വിളിപ്പുറം പാത്ത്.

വല്ലായ്മകള്‍ പെയ്തൊഴിഞ്ഞ്,
മാസങ്ങളുടെ തപസില്‍
വീര്‍ത്തൊഴിയാനീ ഉദരം,
പിറവിയുടെ സായൂജ്യംതേടുന്നു.
മനസ്സില്‍ മഴക്കാട് പൂക്കുന്നു.

പകുതി വഴി പിന്നിട്ട ജന്മംപോലെ.
വരാനിരിക്കുന്ന വാര്‍ത്തകളറിഞ്ഞു
നടുങ്ങാത്ത സ്വപ്നം കണ്ട്
കിടക്കയില്‍ ഒരാള്‍ മാത്രം.
മാഞ്ഞു പോകുന്ന കാഴ്ചകളില്‍
ഒരു നിലവിളി കൂടി.

ഓര്‍മകളെ കൈകൊട്ടി വിളിച്ച്
കിടക്കയില്‍ പുതുമ വിരിച്ച്
പലതും പകുത്തു-
ഒരാദിപാപത്തിനായ്
ഒരാളെ മാത്രം
കാത്ത് .......






______________
കുരീപ്പുഴ സുനില്‍രാജ്