Friday, December 7, 2012

കോക്റ്റെയില്‍ കുറിപ്പുകള്‍ ..1

















അരയന്നങ്ങളും മയൂരങ്ങളും
പുതുകവിതകളില്‍
പ്രണയദൂത്  പോകാറില്ല .
കോക്റ്റെയില്‍  ഗ്ലാസുകളില്‍
അത് മൂളുകയും
നീന്തുകയും ചെയ്യും .
മുറിഞ്ഞ ചിറകുകളെ
മാലാഖമാര്‍ക്ക് കൊടുക്കും.

ചുണ്ടര്‍ന്നു ഉമ്മ വയ്ച്ചു
കറുത്ത ഒലീവ് കായ്‌കള്‍  രുചിച്ച്
പൊക്കിളിലും  നാഭിയിലും നീന്തി
നരകത്തിന്റെ കോണികളിറങ്ങി
അതിഥിയുടെ നാവില്‍ ചത്തു മലയ്ക്കും.

രക്താര്ബുദം കരളുന്ന കുഞ്ഞിനെ
ഒരുവള്‍ വീണ്ടും ഗര്ഭത്തിലാവാഹിക്കും.
അവസാന മടിശീലയും കവര്ന്നു
മനസൊരു ദൂത് പോകും.

(കൊത്തി പറിച്ചങ്ങു പറക്കുമ്പോളും
കുത്തിയൊഴുക്കാണ് പ്രണയചോര,
മൊത്തി കുടിച്ചോളൂ ..
ദാഹമൊടുക്കുക ..
മറന്നെപ്പൊഴോ
ജനനവും മരണവും )

പാപത്തിന്‍ വക്കുകള്‍  കഴുകി
വീണ്ടും ഒരു കോക്റ്റെയില്‍  .
കന്യാകത്വം കാക്കാന്‍
ഇനി കരള്‍ പിളര്ക്കുമൊരു
*കാളത്തവള.
-------------------------------------
*bullfrog (ഒരു കോക്റ്റെയില്‍  )



Sunday, December 2, 2012

സ്വപ്നത്തില്‍ മീനുളുമ്പ് മണക്കുമ്പോള്‍..
















മീന്‍  തൊട്ടു കൂട്ടാത്തവനിലേക്ക്
മീനുളുമ്പിന്റെ മണമുള്ള സ്വപ്നങ്ങള്‍
പിടച്ചടിച്ചു  ചെകിളകള്‍  തുറന്ന്
കടലാഴങ്ങളില്‍ നിന്ന്
വല നിറയെ കവിതയും പൊക്കി
കൊല്ലപ്പെട്ട  കേഴ്വികളില്‍
നീണ്ടകര നീണ്ടു നീണ്ട്
ആല്‍ത്തറമൂട് മുട്ടി
കാവനാട്ടൊരു കടം പറഞ്ഞ്
അരവിള കടവിലെത്തി.

രണ്ടു മീന്‍കുട്ടകള്‍
കൈലി കോന്തല തെറുത്ത്
പൊക്കിളില്‍ കുത്തി.

ചങ്ങാത്തം വേണ്ട ചങ്ങാടമേ
എന്നു ചിണുങ്ങി പിണങ്ങി
ഉറക്കെ കൂകി
കുശുമ്പു കുത്തി
കരയ്ക്കുണങ്ങി
കരിഞ്ഞും കരഞ്ഞും
കൊച്ചു വള്ളപ്പട.

വെയില്‍ നനഞ്ഞുണങ്ങിയ കായല്‍
കെട്ടുപാടുകളുടെ കെട്ടഴിച്ച്
കെട്ടുവള്ളങ്ങളായ്
ദെ..അരയിളക്കി
കൈകള്‍  വീശി
മീന്കുട്ടകളെ തലയിലേറ്റി .

മാലാഖകുട്ടികള്‍  കൂട്ടം കൂടി
മണ്ണെണ്ണ വിളക്കുകള്‍ കൂട്ടിനു കൂടി
കല്ലറകളില്‍  ചാകരയിലുറങ്ങുന്ന
മാനാമാര്‍ വിയര്‍ത്തുമുയിര്‍ത്തു
മാടത്തരുവികള്‍
മൈനത്തരുവികള്‍  പാടി
മരോട്ടി മുക്കേയ് ..
പേര്ഷ്യന്‍ മുക്കേയ് ..കൂയ്..

മീന്‍ കൂട്ടാത്തൊരുത്തനെ
മാനാമാരും മീന്‍കുട്ടകളും
എന്തിനാണ്  ഈയിടെയായി
സ്വപ്നത്തില്‍  വന്നിങ്ങനെ
കുടുകുടെ ചിരി പ്പിക്കുന്നത് ..
അറിയാതെ കണ്ണു നനയിപ്പിക്കുന്നത് ..
_____________________________-