Saturday, June 27, 2009

അപരന്മാര്‍













ഇടി മുഴക്കങ്ങള്‍..അഗ്നിപാതങ്ങള്‍
ഇരുളു വീണൊരു പാതയില്‍.
ഇടയിലല്‍പ്പമിടവേള തന്നിലൊരു
സാന്ദ്ര സംഗീതനാദവും.
കേട്ടുനില്‍ല്‍ക്കാനാശയുള്ളിലുണര്‍ന്നു-
പക്ഷെ ഭീതിയെന്നില്‍ പടരവേ ;
കുതറിയോടി ഞാനൊടുവിലെവിടെയോ
ഇടറിവീണൊരു വേളയില്‍
ദൂരെ നിന്നും പാഞ്ഞുവന്നൊരു
കൂര്‍ത്തയമ്പെന്‍ചങ്കിനുള്ളില്‍ തുളയവേ,
ചീറിയൊഴുകിയ ചുടുനിണത്തില്‍
ലഹരി കണ്ടവരെത്രയോ..

വിളറിയൊടുവില്‍ വികലമായൊരു
മുറിവുണങ്ങാതൊടുവില്‍ ഞാനെന്‍
സ്മൃതികളെ താരാട്ടുപാട്ടിന്‍
താളമാക്കി കണ്ണടച്ചിട്ടിരുള്‍ചമച്ച-
തിലെത്ര നാളായ് തപസിരിക്കുന്നു.

ദീര്‍ഘമായൊരു തപസ്സിനിടയില്‍
അകലെ നിന്നുമടുത്തു വന്നൊരു
ആരവത്തിന്‍ പൊരുളറിയാന്‍,
തപസ്സു നിര്‍ത്തി..മിഴി തുറന്നു.
എന്നെമൂടിയ വാല്മീകത്തിന്‍
പുറംതോടു പൊളിച്ചുനോക്കി.
-എന്റെ നിഴലില്‍ തണല്‍ പറ്റി
എണ്ണമില്ലാതെത്ര രൂപങ്ങള്‍.!
ജട പിടിച്ചൊരു മുടിയുമായി
ചുടലമാടന്മാരോ മുന്നില്‍.!

എന്റെ മുന്നില്‍ നില്‍ക്കുമവരുടെ
രൂപമെല്ലാമൊന്നു പോലെ.
അവരെ മാറിലുമെന്റെ മാറിലെ
മുറിവു പോലെമുറിഞ്ഞ പാടുകള്‍.
അമ്പുകൊണ്ടു മുറിഞ്ഞ പാടുകള്‍.
ബോധമെന്നില്‍ വൈകിയെത്തിയ
വേളയില്‍ ഞാനറിയുന്നു
എന്റെ മുഖമാണവര്‍ക്കെല്ലാം.!

തലയില്‍ ഞാനെന്‍ കൈവിരലാല്‍
തലോടുമ്പോള്‍ തടയുന്നു.
ജട പിടിച്ചിന്നെന്റെ മുടിയും
വികൃതമായെന്നറിയുമ്പോള്‍..
ആരവങ്ങളുമട്ടഹാസവുമൊന്നു-
നിര്‍ത്തി..പിന്നവര്‍ ചൊല്ലി.
-തപസു നിര്‍ത്തൂ..മിഴിതുറക്കൂ..
ഒളിയമ്പുകളെയ്യുവോരുടെ
കൈകള്‍വെട്ടി മാലകോര്‍ത്തതു
മാറിലിട്ടൊരു നൃത്തമാടാന്‍
ജടപിടിച്ചൊരു മുടിമുറിച്ചു
വലിച്ചെറിഞ്ഞിട്ടൊന്നു ചേരാം.
പിന്നെ നമ്മള്‍ക്കെന്നുമെന്നും
ഭീതിയില്ലാതെത്ര നാളും
വേണ്ടുവോളം കേട്ടുനില്‍ക്കാം
സാന്ദ്ര സംഗീതം..
മന്ദ്ര പ്രണയസംഗീതം.



______________
കുരീപ്പുഴ സുനില്‍രാജ്

1 comment:

  1. nammalekku thanne thiriyumbol evideyum aparanmar..nammude thanne prathibimbangal..

    ReplyDelete