Monday, June 29, 2009

അമ്മ അറിയാന്‍..



(sketch By Vignesh,Muscut



(ജോണ്‍ അബ്രഹാമിന്...
...മക്കളുടെ ദുഃഖം കാണാന്‍ കഴിവില്ലാത്ത അമ്മമാര്‍ക്കും.)







ശാന്തമാണെല്ലാം അമ്മേ..
ശാന്തമാണെല്ലാം...
എന്റെ പച്ചതുരുത്തില്‍
പാടുന്നു പക്ഷികള്‍
പഴയ പാട്ടിന്നും.
പശുക്കള്‍ ചുരത്തുന്ന
പാലിനും കുറവില്ല.
മധുരവും കുറവില്ല.

എന്റെ തുരുത്താകെ കത്തിയെരിഞ്ഞെന്ന
കള്ളമിന്നമ്മയോടാരാണ് ചൊന്നത്..?

(കള്ളമാണെക്കെയുമെന്നൊരു കള്ളമെന്‍
അമ്മക്ക് വേണ്ടി പറഞ്ഞാല്‍ ക്ഷമിക്കുക.)

കാലത്തുണരുന്നു..
പുഴയില്‍ കുളിക്കുന്നു..
നെറ്റില്‍ ചന്ദനം-
ചാര്‍ത്തുന്നു നിത്യവും.
പൂക്കളിറുത്തു ഞാന്‍
പൂജക്ക്‌ നല്‍കുന്നു.
കര്‍പ്പൂരദീപമെന്നുള്ളൂ-
കൊണ്ടുഴിയുന്നു.

പുഴ വറ്റിയെന്നും പൂക്കള്‍ കരിഞ്ഞെന്നും,
ദൈവം തുരുത്തു വിട്ടോടിയെന്നൊക്കെയും,
കള്ളമിന്നമ്മയോടാരാണ് ചൊന്നത്..?

എന്റെ മംഗല്യസൂത്രമണിഞവള്‍..
അമ്മയ്ക്ക് പൊന്നുമോള്‍..
കൊച്ചുകൊട്ടാരത്തിലി-
ന്നൊരു ലക്ഷ്മിയായ്
വിശക്കുമ്പോളൊക്കെയും
അന്നം വിളമ്പുന്നു.
അമ്മേടെ പേരക്കിടാവിന്നു
അമ്മിഞ്ഞ നല്‍കുന്നു.
സ്നേഹ ഗീതം പാടി
എന്നെയുറക്കുന്നു.
സന്തോഷമാണമ്മേയിന്നെന്റെ ജീവിതം.

ദീപങ്ങളൊക്കെ കെടുത്തിയിട്ടെന്നെ-
തുരുത്തിലിന്നൊറ്റയ്ക്കു വിട്ടിട്ടു
ലക്ഷ്മിയും പോയെന്ന
കള്ളമിന്നമ്മയോടാരാണ് ചൊന്നത്..?

ഒരു നൂറു വ്യഥകള്‍ തന്‍
ഭാണ്ഡവും പേറി
ലഹരിയില്‍ പടയണിപാട്ടുകള്‍ പാടി
ഞാനൊരു തെയ്യമായ് ഉറയുന്നുവെന്നും
ഇത് പോലെ പലതും കേട്ടാലുമമ്മേ ..
കള്ളമാണൊക്കെയുമെന്നു ധരിക്കുക.

അവിടെയിന്നമ്മയ്ക്ക്
സുഖമെന്ന് കരുതുന്നു.
ഞാനുടന്‍ വന്നിടാം
അമ്മയെ കാണുവാന്‍..
_________________
കുരീപ്പുഴ സുനില്‍രാജ് .

[കുറച്ചു പഴയ കവിതയാണ്]

1 comment: