Monday, June 29, 2009

തറവാട് -ഓര്‍മകളില്‍..









നിരത്തു
വക്കിലെ പടിപ്പുരയ്ക്കക-
ത്തിരുട്ടുമൂടിയോരകത്തളത്തിലെന്‍
ബാല്യകൌമാരയൌവനങ്ങളെ
നടയ്ക്കുവച്ചിട്ട് കാലമെത്രയായ്..

കൂടുവിട്ടോര്‍മ്മ കൂട്മാറുന്നു..
ഇടയ്ക്കിടയ്ക്കവ മുറിഞ്ഞു നീറുന്നു..
കഴിഞ്ഞതൊക്കെയോന്നോര്‍ത്തു നോക്കവേ;
പടിപ്പുരയ്ക്കകത്തിരുട്ടു മാറുന്നു.

തൊടിയ്ക്കുമപ്പുറം കാട്ടുപൊന്തകള്‍.
ഇടയ്ക്കിടെ പൂത്തചെമ്പകത്തണല്‍.
മണം പരത്തുന്ന കാട്ടുപൂക്കളും,
നിണം മണക്കുന്ന കാറ്റുമോര്‍മ്മയില്‍..

പഴുത്ത ഞാറകള്‍ പറിച്ചുവച്ചു ഞാന്‍
അവള്‍ക്കു മാത്രമായ് കാത്തിരുന്നതും,
കനത്ത മാരിയില്‍ചേര്‍ത്തണച്ചു ഞാന്‍
പുഴകടന്നതും പൂ പറിച്ചതും,
കളിവിളക്കിന്റെയരികില്‍ നിന്നെന്നെ
ഇമകള്‍ വെട്ടാതെ നോക്കിനിന്നതും,
ദൂരെ ദൂരെ നിന്നൊഴുകിയെത്തിയോ-
രോണനാളിലെ പാട്ടിനീണത്തില്‍
ചുവടു വച്ചെന്റെയരികിലെത്തിയെന്‍
ചുണ്ടിലര്‍പ്പിച്ച ചുംബനങ്ങളും,
നെഞ്ചിനുള്ളിന്‍ നെരിപ്പോടിലിപ്പോഴും
പുഞ്ചിരിയില്‍ പൊതിഞ്ഞവിലാപങ്ങള്‍.
നിലവറകളില്‍,മച്ചിലിപ്പോഴും
യെരിന്നുതിരത്ത പ്രണയനോവുകള്‍.
പിറന്നവീടതില്‍ പിടഞ്ഞുവീണതെന്‍
കുരുന്നുമോഹങ്ങള്‍ കൊരുത്തഈണങ്ങള്‍.

മുഴുത്തനാക്കുകള്‍ തെറിച്ചവേളയില്‍
മുഖത്തുതുപ്പിയ മുഷിഞ്ഞവാക്കുകള്‍
മനത്തളങ്ങളില്‍ പെറുക്കിവച്ചവ,
ഇടയ്ക്കിടക്കുഞാന്‍ പുറത്തെടുക്കുന്നു.

കൊതിമുഴുക്കാത്ത വിരുന്നുശാലയില്‍
കൊഴുത്തകാളകള്‍ മദിച്ചരാത്രികള്‍.
രൌദ്രനാടകം കെട്ടിയാടുന്ന
വീരശൂരരാം തമ്പുരാക്കള്‍ക്ക്
ശാന്തഭാവംപകര്‍ന്നു നല്കീടുവാന്‍
രാവിലെത്തുന്നു ദേവദാസികള്‍..
മാതുലന്മാര്‍ മഹാസൂത്രശാലികള്‍,
കെട്ടിലമ്മയ്ക്ക് നോട്ടുകെട്ടുമായ്
പൂച്ചയെപോല്‍ പതുങ്ങിനീങ്ങുന്ന
രാത്രികള്‍,വെറും പതിവുകാഴ്ചകള്‍.

കരിപിടിച്ചോരടുക്കള കോലയില്‍
കരയുമമ്മമാര്‍ നോക്കുകുത്തികള്‍.
നിലവിളക്കുകള്‍,ഓട്ടുകിണ്ടികള്‍,
തൂക്കിവിറ്റിന്നു പശിയടക്കുന്നു.
മൂടുപൊട്ടിയ മണ്‍കുടങ്ങളില്‍
മൂടിവയ്ക്കുന്നു വേവലാതികള്‍.

നെഞ്ചിനുള്ളിന്‍ നെരിപ്പോടിലിപ്പോഴും,
പുഞ്ചിരികള്‍ കരിഞ്ഞ വിലാപങ്ങള്‍.
പകുത്തുനല്‍കിയെന്‍ ഭാഗപത്രവും,
അതില്‍ കുഴിച്ചു തന്നൊരീ-
കിണറ്റില്‍ നിന്നുഞാന്‍
കുടിച്ചു തീര്‍ക്കുന്നു
കടക്കണക്കുകള്‍.
___________________________
കുരീപുഴ സുനില്‍രാജ്

7 comments:

  1. കൂടുവിട്ടോര്‍മ്മ കൂട്മാറുന്നു..
    ഇടയ്ക്കിടയ്ക്കവ മുറിഞ്ഞു നീറുന്നു..
    കഴിഞ്ഞതൊക്കെയോന്നോര്‍ത്തു നോക്കവേ;
    പടിപ്പുരയ്ക്കകത്തിരുട്ടു മാറുന്നു

    നൊക്കുകുതി നാന്നായിരിക്കുന്നൂ..പിന്നെ ആദ്യ കവിതയ്യും .......

    ReplyDelete
  2. കൂടുവിട്ടോര്‍മ്മ കൂട്മാറുന്നു..
    ഇടയ്ക്കിടയ്ക്കവ മുറിഞ്ഞു നീറുന്നു..
    കഴിഞ്ഞതൊക്കെയോന്നോര്‍ത്തു നോക്കവേ;
    പടിപ്പുരയ്ക്കകത്തിരുട്ടു മാറുന്നു

    നൊക്കുകുതി നാന്നായിരിക്കുന്നു....ആദ്യ കവിതയും...

    ReplyDelete
  3. നോക്കുകുത്തി നന്നായിരിക്കുന്നു. ആശംസകൾ

    ReplyDelete
  4. blog kandu,nannayirikunnu.
    itharam collections namuku oru muthalkoottanu.itharam sookshippukalku ithoru [blog]pathayappurayaanu.
    nallathu.njan idaku kayaraam..

    ReplyDelete
  5. കൂടുവിട്ടോര്‍മ്മ കൂട്മാറുന്നു..
    ഇടയ്ക്കിടയ്ക്കവ മുറിഞ്ഞു നീറുന്നു..
    Good... Congrats....

    ReplyDelete
  6. നെഞ്ചിനുള്ളിന്‍ നെരിപ്പോടിലിപ്പോഴും,
    പുഞ്ചിരികള്‍ കരിഞ്ഞ വിലാപങ്ങള്‍.
    പകുത്തുനല്‍കിയെന്‍ ഭാഗപത്രവും,
    അതില്‍ കുഴിച്ചു തന്നൊരീ-
    കിണറ്റില്‍ നിന്നുഞാന്‍
    കുടിച്ചു തീര്‍ക്കുന്നു
    കടക്കണക്കുകള്‍.
    ...........onnum parayanilla mashee enikku.evide njanum koode koodunnu athramathram.

    ReplyDelete
  7. ഇതാണ് കവിത..
    ഇങ്ങനെയായിരിക്കണം കവിത.
    ഇത്ര നേരവും ഞാന്‍ ആ തറവാടും പരിസ്സരവും
    ചുറ്റി കാണുകയായിരുന്നു.
    കട്ട് പൂക്കളുടെ മണം..പഴുത്ത ഞാറകള്‍..പുഴയും പൂക്കളും.
    കളി വിളക്കിന്റെ അരികില്‍ കണ്ണിമക്കാതെ കവിയെ നോക്കി നിന്ന ബാല്യകാലസഖി.
    അങ്ങനെ ഞാന്‍ ലയിച്ചു പോയതാണ്.
    പക്ഷെ തറവാട്ടിലെ കാഴ്ചകള്‍ എന്നെ കരയിപ്പിച്ചു.
    കാരണവന്മാരുടെ ആഡംബര ജീവിതം..
    കോലായില്‍ കരയുന്ന അമ്മമാര്‍..
    കടകണക്കുകള്‍ കുടിച്ചു തീര്‍ക്കുന്ന കവി.
    ശരിക്കും ഇത് നമ്മുടെഭാരതത്തിന്റെ ചിത്രം കൂടിയല്ലേ..
    സുനില്‍രാജ് സാര്‍..ഇതിലെ ഓരോ വരികളും ഓരോ കവിതകളാണ്.

    ReplyDelete