Monday, February 7, 2011

ഹെര്‍ബേറിയം




















ഹെര്‍ബേറിയം
__________________________
അടുക്കിവച്ചിട്ടും അടങ്ങി കിടക്കാതെ
അടുക്കു തെറ്റിയ്ക്കുന്നു,
ഉണക്കിയൊട്ടിച്ച ഓര്‍മ്മകള്‍.
കണ്ണീരില്‍ കുതിര്‍ത്തു വച്ചിട്ടും
ഒഴുകിയും വഴുതിയും ,
അഴുകിപോകാത്ത നോവുകള്‍.
ജരാനരകള്‍ ഏല്‍ക്കാത്ത ജനുസുകള്‍
വെറുതെ മറിച്ചും തിരിച്ചും.

പാതിവെന്ത പ്രണയങ്ങളില്‍
പാതിരകോഴി മോങ്ങുന്നു.
രക്തസാക്ഷികളുടെ ഫോള്‍ഡറില്‍
ആശയകത്തിയില്‍ കോര്‍ത്തൊരു
പ്രിയതോഴന്റെ ഇങ്കുലാബ് .

പുലപ്പേടിയില്‍ ചാടി ചാടി കാട്ടു മൈനകള്‍.
പുലഭ്യം കൊഴുപ്പിച്ച രാത്രികള്‍..
പട്ട മോന്തുന്ന കൂട്ടുകാര്‍ ,
എട്ടാം രാഗത്തില്‍ പാട്ടുകള്‍ .
'സുനിരായന്‍ കുഞ്ഞിനു'ഫ്രീയാണ്
മത്തിക്കറിയെന്നടുക്കള.
സസ്യാഹാരിക്ക് സമ്മതം.

ഇനം തെറ്റിയൊട്ടിച്ച കാഴ്ചയില്‍
ഇഴഞ്ഞെത്തുന്ന വാക്കുകള്‍
വിഷം ചീറ്റുന്ന നാക്കുകള്‍ .

അകംനിറഞ്ഞൊഴുകിയ സ്നേഹത്തിന്‍
അര്‍ഥരാഹിത്യ ബന്ധങ്ങള്‍..
ആദ്യരതിയില്‍ ചതിച്ചവള്‍
മൂക്കാതെ വാരിവിതറിയ
അമൃതവചന കൊറിപ്പുകള്‍.

ശകുനം മുടക്കി തെക്കോട്ട്‌ പോയൊരു
പുരാതന കല്‍ക്കരി തീവണ്ടിയുടെ
പുകപോല്‍ കറുത്തുപോയ ജീവിതം,
ചുളുങ്ങിയുണങ്ങി..
കഴുകിയും അഴുകിയും
ഒരു കുടംചാരമായ്
ഹെര്‍ബേറിയത്തില്‍
വെറും സ്പെസിമനായ്‌..
__________________________

2 comments:

  1. പാതിവെന്ത പ്രണയങ്ങളില്‍
    പാതിരകോഴി മോങ്ങുന്നു.
    രക്തസാക്ഷികളുടെ ഫോള്‍ഡറില്‍
    ആശയകത്തിയില്‍ കോര്‍ത്തൊരു
    പ്രിയതോഴന്റെ ഇങ്കുലാബ് ...

    മാഷെ..ഹെര്‍ബരിയത്തിന്റെ ഫോള്ഡരുകളിലെ ഓരോ ഉണങ്ങിയതും
    അഴുകിയതുമായ കാഴ്ചകള്‍...നല്ല ഒരു അനുഭവം...

    ReplyDelete
  2. സുനില്‍ ഭായ്.. ഓര്‍മ്മകളോടൊപ്പം ഞാനും സഞ്ചരിച്ചു... കാലങ്ങള്‍ കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ നമ്മള്‍ ജീവിച്ചിരുന്നു എന്ന് തോന്നണ്ടേ . അതിനു ഇതൊക്കെ ആവശ്യമാണ്. ഈ കരുതല്‍ സൂക്ഷിച്ചു വെക്കുക. നല്ലതും ചീത്തയും വേര്‍തിരിച്ചു വെക്കേണ്ട. അങ്ങിനെ കിടക്കട്ടെ.

    ReplyDelete