Friday, January 14, 2011

കൂറകഥകള്‍ക്കൊരാമുഖം..




(വംശനാശം വന്നതും വരാനിരിക്കുന്നതുമായ ഓരോ കൂറകള്‍ക്കും..)
________________________________________

അസ്ത്രവേഗങ്ങളില്‍ വസ്ത്രശാസ്ത്ര* പരിണാമം,
അമീബയില്‍ നിന്ന് നീയും ഞാനും പോലെ.
ആദിനാണം മറച്ചന്നു ആദവും ഹവ്വയും,
മുത്തശന്റെ കോണകം,മുത്തശിയുടെ റവുക്കയും.
_______________________________________
തുളവീണു കുത്തിതയ്ച്ച കീറതുണികള്‍
കളവിന്റെ കറപുരളാതെ
ആത്മകഥകളെഴുതുമ്പോള്‍
ഉണങ്ങാനിട്ടിരിയ്ക്കുന്ന
ഓരോ ഉടയാടകളും
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ തുന്നും.
ഉയിരൊഴിയാന്‍ ചാവേറുകളാവും
വസ്ത്രാക്ഷേപവും ചേലമോഷണവും
തിരുവസ്ത്രവും കഥകളില്‍ കുതിരും.

അലക്കുകല്ലിന്‍ തൊട്ടിലില്‍
തക്കിട്ട..തക്കിട്ട ..താരാട്ടില്‍
അടിച്ചു പിഴിഞ്ഞൊന്നുറങ്ങുമ്പോള്‍
അറിയുകില്ലൊരിയ്ക്കല്‍
യന്ത്രക്കൂടില്‍ കറങ്ങിത്തിരിഞ്ഞു
തന്ത്രത്തില്‍പുറത്തുചാടി
പിഴിഞ്ഞുണങ്ങുമെന്ന്.

സൂചിയും നൂലും ഭോഗിയ്ക്കുമ്പോള്‍
തുന്നല്‍ക്കാരനാണ് ദൈവം.

തലതലോടി മുല പൊതിഞ്ഞും,
തുട തഴുകി ഇട മറച്ചും
ആര്‍ത്തവ കാലം അടുത്തറിഞ്ഞും.
ബീജസംഘങ്ങളെ തൊട്ടറിഞ്ഞും
രതി നുണഞ്ഞും കിതച്ചും.
കലയ്ക്കും കൊലയ്ക്കും
എന്തിമേതിനും മൂകസാക്ഷികള്‍ ..
.......................................

സോഷ്യലിസത്തിന്റെ സമഭാവനയും
ദളിതനും ദരിദ്രനും
ദെറീദയും നെരൂദയും
വര്‍ഗീകരണത്തിന്റെ കൊടിക്കൂറകളില്‍...

ഗാന്ധിയുടെ അരവസ്ത്രത്തെക്കാള്‍
മര്‍ലിന്‍ മോണ്‍ട്രോയുടെ* അടിവസ്ത്രത്തിനാണ്
ലേലത്തുക കൂടുതലെന്നാണ്
ഒടുവില്‍ കിട്ടിയ വാര്‍ത്തകളില്‍ ...


ശീതികരിച്ച അലമാരകളിലിരുന്നു
ചിലരൊക്കെ ചിരിക്കുകയാണ്.
കീറിതുടങ്ങിയ തുണികളെനോക്കി..

 കൂറകഥകള്‍ക്കൊരാമുഖം..
അദ്ധ്യായങ്ങള്‍ തുടങ്ങുന്നതേയുള്ളൂ...
_____________________________


*1 fabricology..textile science
*2 Marilyn Monroe യുടെ വസ്ത്രങ്ങള്‍
ഈയിടെ വീണ്ടും വന്‍തുകക്ക് ലേലത്തില്‍ പോയതോര്‍ത്ത്.

1 comment:

  1. അനുപമം...അവാച്യം..
    അല്ലാതെന്തു പറയാനാ...

    ReplyDelete