ആമുഖം
____________________
'..ഇനി എന്നാണു ഞാന്‍ നിന്നെ
ഒന്നുമ്മ വയ്ക്കുന്നത്..?"
പാതിരാവില്‍ പറന്നെത്തിയ
മെസ്സേജില്‍ ചുംബിച്ചു കാമുകന്‍.
ഈ മെയിലില്‍
മേനി കണ്ടു തീരും മുന്‍പേ..
'വല' കുരുങ്ങി..
'എലി'യും ചത്തു.
അവന്‍ ഇറോട്ടിക് ദിശയില്‍ ...
എന്റെ ഉറക്കത്തില്‍
കാക്കിയിട്ട് കാലന്‍ കുടയുമായി വരുന്ന
പോസ്റ്മാന്‍ ഭാസ്കരന്‍ ചേട്ടന്‍.. .
_______________________
കത്തുകളിപ്പോള്‍
ചാപിള്ളകളാണ്..
ചരാചരങ്ങളുടെ
ചലനമറിയാതെ
ചരമമടഞ്ഞവര്‍..
പിറക്കാത്ത ഉണ്ണികള്‍.
.................
പത്തായപ്പുരയിലെ എലികാഷ്ട്ടത്തില്‍
മുത്തശ്ശന്‍ തന്ന താക്കോല്‍ കളഞ്ഞപെട്ടിയില്‍
മരണമില്ലാത്ത ആത്മാക്കള്‍ പോലെ കത്തുകള്‍...
ഇരട്ടവാലനും ചിതലുകളും ബാക്കി വച്ച
അക്ഷരങ്ങളില്‍ ഓര്‍മകളുടെ തുറിച്ച കണ്ണുകള്‍..
മറവികളുടെ ഒരു വയ്ക്കോല്‍തുറു ..
മാഞ്ചോട്ടില്‍ ചുട്ട മണ്ണപ്പത്തിന്റെ ചൂട്..
മാനം കാണാതെ കാത്ത മയില്‍പ്പീലികള്‍..
കുന്നിക്കുരു നിറച്ച വാക്കുകളുടെ ഡപ്പിയും..
തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ച ബാല്യവും..
കത്തുകളിപ്പോള്‍ ദിനോസറിന്റെ ഫോസ്സിലുകള്‍.
തലച്ചോറില്‍ തീപിടിച്ചെരിഞ്ഞ
പ്രണയത്തിന്റെ കനല്‍ക്കൂനകളില്‍
കരിമഷിയും ഉടഞ്ഞ കുപ്പിവളകളും..
പാതികത്തിയ കല്യാണക്കുറികളില്‍
ഒന്ന് മാത്രം കണ്ണിമ വെട്ടാതെ...
കത്തുകളില്‍ വാക്കുകളുടെ കുത്തൊഴുക്കുകളാണ്..
കിദല്‍പൂരില്‍ തേടി വന്ന ലിസ്സിയുടെ..
കാളിഖട്ടില്‍ വലിച്ചെറിയാതെ കാത്ത രാധയുടെ..
കായലില്‍ മറഞ്ഞുയര്‍ന്ന ജമീലയുടെ..
വിഷം തീണ്ടി മരിച്ച യമുനയുടെ..
എവിടേക്കോ..എങ്ങോട്ടൊക്കെയോ
പറന്നകന്ന സൌഹൃദ ശലഭങ്ങളാണ് കത്തുകള്‍..
ഗയയില്‍ താന്‍ കണ്ട ഒരു പെണ്ണിന്
ലിംഗമുണ്ടായിരുന്നെന്നു സിദ്ധനമ്മാവാന്‍...
പത്തനാപുരത്തെ അച്ചാമ്മ ചേച്ചിയുടെ
കരുണാര്‍ദ്ര രാത്രികളോര്‍ത്ത് എബ്രഹാംതോമസ്..
രണ്ടായിരാമാണ്ടിലെ ഭാരതം
ചുവന്ന സൂര്യന്റെതെന്നു സഖാവ് പി.കെ.
മേസോപെട്ടോമിയ..ഗോര്ബോചോവ്..
കാമു..കനെറ്റി..കസാന്ത്‌സാക്കിസ് ..
കടമ്മനിട്ട..ചുള്ളിക്കാട്..കുരീപ്പുഴ
യുക്തിവാദം..ബര്‍ട്ടെലൂചി .ജോണ്‍ അബ്രഹാം..
തലചോറുള്ള പുരാവസ്തുക്കളാകുന്നു കത്തുകള്‍..
ഒക്കെയും കത്തിച്ചു
മറവികളിലൊഴുക്കാന്‍
തീപ്പെട്ടിയുരസുമ്പോള്‍....
ഒരു കത്തില്‍ നിന്ന് അമ്മയുടെ കൈ..
'അരുത് മോനെ ..കത്തുകള്‍ മനസുകളാണ് .
വീണ്ടെടുക്കാനാവാത്ത ഓര്‍മകളാണ്..'
_____________________________
kureepuzha sunil raj