Wednesday, February 23, 2011

എന്തിനായിരുന്നു നീ...













മകളെ..
മറക്കരുത്..പൊറുക്കരുത്..
ഞാനെന്റെ ആയുസ്സുകൊണ്ട്
നിനക്ക് ബലിയിടാം...

അലറിച്ചിരിക്കുന്ന കാറ്റിലും
വിതുമ്മികരയുന്ന മഴയിലും
നീ കത്തിയെരിയുമ്പോള്‍...
ജ്വലിക്കുന്ന കനലില്‍
നിന്‍ രോഷമോ...?
നിനക്കറിയുവാനാകാതെ പോയൊരു
സ്നേഹത്തില്‍ കസ്തൂരി ഗന്ധമോ..?

ഭാഗ്യവതിയാണ് നീ...
നാവുകളെ ഭയക്കേണ്ട.
നാളെകളറിയേണ്ട..
പേരും പൊരുളുമറിയെണ്ടാ..
നേരും നേരവുമറിയേണ്ട..
കാമം തുറിക്കുന്ന-
കണ്ണുകള്‍ കാണേണ്ടാ..
ഒടുക്കത്തെ വണ്ടിയില്‍
വീടെത്തുവാനിനി -
ഓടികിതക്കേണ്ടാ.
അറിഞ്ഞിട്ടുമറിയാത്ത-
ഭാവം നടിക്കെണ്ടാ..

ശവമടക്കിന്നു വന്നവര്‍.
ശാപം മടക്കി വാങ്ങുന്നവര്‍.
ഇനി കരക്കാര്‍ മുറുക്കി പിരിയും.
കാക്കകള്‍ ബലിചോറു കൊത്തും.

കുഴിമാടത്തില്‍ മുളയ്ക്കുന്ന
നവധാന്യ ങ്ങളിലൂടെ..
നീ എന്നെ തിരയുമോ..
ഒരു വാക്ക് മിണ്ടുമോ..?




______________________________

Monday, February 7, 2011

ഹെര്‍ബേറിയം




















ഹെര്‍ബേറിയം
__________________________
അടുക്കിവച്ചിട്ടും അടങ്ങി കിടക്കാതെ
അടുക്കു തെറ്റിയ്ക്കുന്നു,
ഉണക്കിയൊട്ടിച്ച ഓര്‍മ്മകള്‍.
കണ്ണീരില്‍ കുതിര്‍ത്തു വച്ചിട്ടും
ഒഴുകിയും വഴുതിയും ,
അഴുകിപോകാത്ത നോവുകള്‍.
ജരാനരകള്‍ ഏല്‍ക്കാത്ത ജനുസുകള്‍
വെറുതെ മറിച്ചും തിരിച്ചും.

പാതിവെന്ത പ്രണയങ്ങളില്‍
പാതിരകോഴി മോങ്ങുന്നു.
രക്തസാക്ഷികളുടെ ഫോള്‍ഡറില്‍
ആശയകത്തിയില്‍ കോര്‍ത്തൊരു
പ്രിയതോഴന്റെ ഇങ്കുലാബ് .

പുലപ്പേടിയില്‍ ചാടി ചാടി കാട്ടു മൈനകള്‍.
പുലഭ്യം കൊഴുപ്പിച്ച രാത്രികള്‍..
പട്ട മോന്തുന്ന കൂട്ടുകാര്‍ ,
എട്ടാം രാഗത്തില്‍ പാട്ടുകള്‍ .
'സുനിരായന്‍ കുഞ്ഞിനു'ഫ്രീയാണ്
മത്തിക്കറിയെന്നടുക്കള.
സസ്യാഹാരിക്ക് സമ്മതം.

ഇനം തെറ്റിയൊട്ടിച്ച കാഴ്ചയില്‍
ഇഴഞ്ഞെത്തുന്ന വാക്കുകള്‍
വിഷം ചീറ്റുന്ന നാക്കുകള്‍ .

അകംനിറഞ്ഞൊഴുകിയ സ്നേഹത്തിന്‍
അര്‍ഥരാഹിത്യ ബന്ധങ്ങള്‍..
ആദ്യരതിയില്‍ ചതിച്ചവള്‍
മൂക്കാതെ വാരിവിതറിയ
അമൃതവചന കൊറിപ്പുകള്‍.

ശകുനം മുടക്കി തെക്കോട്ട്‌ പോയൊരു
പുരാതന കല്‍ക്കരി തീവണ്ടിയുടെ
പുകപോല്‍ കറുത്തുപോയ ജീവിതം,
ചുളുങ്ങിയുണങ്ങി..
കഴുകിയും അഴുകിയും
ഒരു കുടംചാരമായ്
ഹെര്‍ബേറിയത്തില്‍
വെറും സ്പെസിമനായ്‌..
__________________________